ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ തെഹ്രിക് ഇ ഇൻസാഫ് (പിടിഐ) പാർട്ടി ഭരിക്കുന്ന ഖൈബർ പക്തൂൺഖ്വാ പ്രവിശ്യാ സർക്കാരിനെ പാക്കിസ്ഥാൻ പ്രസിഡന്റ് പിരിച്ചുവിട്ടു. പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇമ്രാന്റെ മോചനത്തിനായി പിടിഐ മാർച്ച് നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത നടപടി.
പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം, ഖൈബർ പ്രവിശ്യാ സർക്കാരിനെ പിരിച്ചുവിടാൻ എടുത്ത ശിപാർശ പ്രസിഡന്റ് ആസിഫ് അലി സർദാരി അംഗീകരിക്കുകയായിരുന്നു.
ഇസ്ലാമിക തീവ്രവാദം നേരിടുന്നതിൽ പ്രവിശ്യാ ഭരണകൂടം പരാജയപ്പെട്ടു എന്ന കാരണമാണു പറഞ്ഞിരുന്നത്. പാക്കിസ്ഥാനിലെ നാലു പ്രവിശ്യകളിൽ ഖൈബർ മാത്രമാണ് പിടിഐ ഭരിക്കുന്നത്. ഷഹ്ബാസ് ഷരീഫിന്റെ കേന്ദ്ര സർക്കാരും ഖൈബർ പക്തൂൺഖ്വാ സർക്കാരും തമ്മിൽ കനത്ത അഭിപ്രായഭിന്നതയിലാണ്.
ഇമ്രാന്റെ മോചനത്തിനായി ഇസ്ലാബാദിലേക്കു പിടിഐ നടത്തുന്ന മാർച്ചിൽ പങ്കെടുക്കുകയായിരുന്ന ഖൈബർ മുഖ്യമന്ത്രി സൊഹെയ്ൽ അഫ്രിദിയെ കേന്ദ്ര സേന കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ തീരുമാനം കൂടുതൽ രക്തച്ചൊരിച്ചിലിനും അസ്ഥിരതയ്ക്കും വഴിവയ്ക്കുമെന്ന് പിടിഐ വക്താവ് സുൾഫിക്കൽ ബുഖാരി മുന്നറിയിപ്പു നല്കി.